RSS
 

ഞങ്ങളെപ്പറ്റി ഒരു വാക്ക്

16 Sep

കോട്ടയം, 25-3-2010.

ലോകത്തിലെ ഗോത്രവിഭാഗങ്ങള്‍ക്ക് പരസ്പരം അന്വേഷിക്കുന്നതിനും അറിയുന്നതിനും അറിവുകള്‍ കൈമാറുന്നതിനുമാണ് ഈ വെബ്‌സൈറ്റ് ഞങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

ഉടമസ്ഥത

കേരളത്തിലെ ഗോത്രവിഭാഗമായ മല അരയ സമുദായത്തിന്റെ സംഘടനയായ ഐക്യ മല അരയ മഹാസഭയുടെ 21- ാം നമ്പര്‍ കോട്ടയം ശാഖയാണ് ഈ സൈറ്റിന്റെ ഉടമസ്ഥര്‍. ശാഖയുടെ വിവിധ കര്‍മപദ്ധതികളുടെ ഭാഗമാണ് ഈ വെബ്‌സൈറ്റ്.

ലക്ഷ്യം

പ്രധാനമായും ഗോത്രജനതയുടെ സംസ്‌കാരം, കല, സാഹിത്യം, സാമൂഹ്യ ഇടപെടലുകള്‍, വിവിധ നിയമങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍ തുടങ്ങിയവ ഇതിലൂടെ പ്രസിദ്ധീകരിക്കുന്നു. ഗോത്രവിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള വെബ്‌സൈറ്റ് എന്നതുപോലെ ദളിതരുടെയും വിവരങ്ങള്‍ ഇതില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

നിലപാട്

ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കു മാത്രമേ ഈ സൈറ്റില്‍ വിവരങ്ങള്‍ നല്‍കാന്‍ അനുവാദമുള്ളൂ. പൊതുവായ വിവരങ്ങള്‍ സന്ദര്‍ശകര്‍ക്ക് സൈറ്റിലേക്കു നല്‍കാമെങ്കിലും അവയുടെ സത്യസന്ധതയും ഉറവിടവും അറിഞ്ഞതിനു ശേഷം മാത്രമേ പ്രസിദ്ധപ്പെടുത്തൂ.

കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി ഇതിനു തുടക്കം കുറിക്കണമെന്നു കരുതിയെങ്കിലും സാമ്പത്തിക പരിമിതി മൂലം മുന്നോട്ടു പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തരമൊരു പശ്ചാത്തലത്തിലാണ് സമുദായത്തിലെതന്നെ ചില വ്യക്തികള്‍ സഹായവുമായി കടന്നുവന്നത്. അവര്‍ക്ക് ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു.

സ്വാതന്ത്ര്യവും പരമാധികാരവും

നമ്മുടെ രാജ്യം മഹത്തായ ജനാധിപത്യ പാരമ്പര്യം ഉള്‍ക്കൊള്ളുന്നതാണ്. അനേകം മഹാത്മാക്കള്‍ ജീവത്യാഗം ചെയ്ത് നേടിയെടുത്തതാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും. സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ ഗോത്രജനതയ്ക്ക് ചരിത്രപരമായ പങ്കുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരേ പഴശ്ശി രാജാവിനോടൊപ്പം പോരാടി വീരചരമം പ്രാപിച്ച തലയ്ക്കല്‍ ചന്തു ഗോത്ര ജനതയുടെ ഉജ്വല പ്രതീകമാണ്. സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ്, കുഞ്ഞാലിമരയ്ക്കാര്‍, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, അക്കാമ്മ ചെറിയാന്‍ തുടങ്ങിയവര്‍ അടക്കമുള്ള അനേകം സ്വാതന്ത്ര്യസമര സേനാനികളുടെ ജീവന്റെ വിലയാണ് നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം.

മഹാത്മജി രാജ്യസ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തപ്പോള്‍ ഡോ. അംബേദ്കര്‍ മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതേതര ഭരണഘടന രചിച്ചു. ശ്രീബുദ്ധനും പെരിയോര്‍ ഇ.വി. രാമസ്വാമി നായ്ക്കരും മഹാത്മാ ഭൂലെയും സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരുവും ശ്രീമദ് അയ്യന്‍കാളിയും ചട്ടമ്പിസ്വാമികളും സാമൂഹ്യ വിപ്ലവത്തിന്റെയും പൈതൃകത്തിന്റെയും അനുപമമായ മാതൃകകളായി.

മേല്‍പ്പറഞ്ഞ മഹത് വ്യക്തിത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ കാണാതെയും കണക്കിലെടുക്കാതെയും ആര്‍ക്കും മുന്നോട്ടു പോകാനാവില്ല. അത് സംരക്ഷിക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും തലമുറകളിലേക്കു കൈമാറുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ ഈ ലോകത്തിലെ ജൈവ വൈവിധ്യങ്ങളും ജീവജാലങ്ങളും പ്രകൃതിയും ചൂഷണം ചെയ്യാതെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കാരണം, മനുഷ്യര്‍ക്കു ജീവിക്കാനുള്ള അവകാശംപോലെതന്നെ മറ്റു ജീവജാലങ്ങള്‍ക്കും അവകാശമുണ്ട്.

മനുഷ്യരിലെ സ്വാര്‍ത്ഥത അനുദിനം വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഏറെയാണ്. ഇതിനു പരിഹാരം പരസ്പര സഹായമാണ്. നിസ്വരും നിരാലംബരുമായവരെ സഹായിക്കുന്നതു വഴി ഈ ജീവിതം ധന്യമാക്കുവാനും മാതൃകാപരമായ സാമൂഹ്യജീവിതം സൃഷ്ടിച്ചെടുക്കാനും കഴിയും. ഫലത്തില്‍, ”നാം ഒരു കൈനീട്ടി മറ്റുള്ളവരെ സഹായിക്കുമ്പോള്‍ ദൈവം ഇരുകൈകളും നീട്ടി നമ്മെ സഹായിക്കുന്നു.” ഇതാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം.

സേവനങ്ങള്‍

ഈ നിലപാടു തറയില്‍ നിന്നുകൊണ്ടാണ് 1999 മുതല്‍ ഞങ്ങള്‍ സാമൂഹ്യസേവനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിവരുന്നത്. ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിക്കുന്ന, ആരാലും ശ്രദ്ധിക്കപ്പെടാത്ത കുടുംബങ്ങളിലെ സമര്‍ഥരായ കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനുള്ള ചെലവ് സംഘടന ഏറ്റെടുക്കുന്നു. സാമൂഹ്യ വിദ്യാഭ്യാസത്തിന്റെ ഭാഗമായി, തെരഞ്ഞെടുക്കപ്പെട്ട ട്രൈബല്‍ ഗ്രാമങ്ങളില്‍ കംപ്യൂട്ടറും ടെലിവിഷനും പഠനോപകരണങ്ങളും ലഭ്യമാക്കുന്നു. ഒപ്പം, സമൂഹത്തില്‍ മികവു പുലര്‍ത്തുന്ന കലാ-സാഹിത്യ രംഗങ്ങളിലെ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായാണ് പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ നാരായനെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം, വിദഗ്ധ ഡോക്ടര്‍മാരെ പങ്കെടുപ്പിച്ച് വിദൂര ഗ്രാമങ്ങളില്‍ മെഡിക്കല്‍ ക്യാമ്പും സൗജന്യമായി മരുന്നും നല്‍കുന്നു.

ഗ്രാമങ്ങളില്‍ റോഡ്, കുടിവെള്ള പദ്ധതി, സ്വയംതൊഴില്‍ പദ്ധതി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള വിപുലമായ പദ്ധതികളും ഞങ്ങള്‍ ആലോചിച്ചുവരുന്നു. ശാഖ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന നിരവധി കര്‍മപരിപാടികളില്‍ ഒന്നു മാത്രമാണ് ലോകമെമ്പാടുമുള്ള ഗോത്രവിഭാഗങ്ങള്‍ക്കായുള്ള ഈ വെബ്‌സൈറ്റ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമുദായാംഗങ്ങളും, ജാതിമത ചിന്തകള്‍ക്കതീതരായ മനുഷ്യസ്‌നേഹികളും നല്‍കുന്ന സാമ്പത്തിക സഹായവും പ്രോത്സാഹനവും മാത്രമാണ് ഞങ്ങള്‍ക്ക് പിന്‍ബലമായിട്ടുള്ളത്. ആയതിനാല്‍ ഈ സംരംഭത്തിലേക്ക് ഏവരുടെയും സഹകരണം സ്‌നേഹപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.

എന്ന്,

എം.ബി. രാജന്‍ ( പ്രസിഡന്റ്, എ.എം.എ.എം.എസ്. )

എം.കെ. സജി ( സെക്രട്ടറി, എ.എം.എ.എം.എസ്. )

പി.കെ. സജീവ് ( ജനറല്‍ സെക്രട്ടറി, എ.എം.എ.എം.എസ് )

 
 

Home

16 Sep

ലോകത്തിലെ ഗോത്രവിഭാഗങ്ങള്‍ക്ക് പരസ്പരം അന്വേഷിക്കുന്നതിനും അറിയുന്നതിനും അറിവുകള്‍ കൈമാറുന്നതിനുമാണ് ഈ വെബ്‌സൈറ്റ് ഞങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

കേരളത്തിലെ ഗോത്രവിഭാഗമായ മല അരയ സമുദായത്തിന്റെ സംഘടനയായ ഐക്യ മല അരയ മഹാസഭയുടെ 21- ാം നമ്പര്‍ കോട്ടയം ശാഖയാണ് ഈ സൈറ്റിന്റെ ഉടമസ്ഥര്‍. ശാഖയുടെ വിവിധ കര്‍മപദ്ധതികളുടെ ഭാഗമാണ് ഈ വെബ്‌സൈറ്റ്.

 
 
 

Powered by Free CDN WordPress plugin


SEO Powered By SEOPressor